പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കി; കാരണമിത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കി. മുസ്ലീം ലീഗ് പലസ്തീൻ ഐക്യദാർഢ്യ വേദിയിൽ ശശി തരൂർ നടത്തിയ ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശം വിവാദമായതിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവർമെൻറ് മിഷൻ സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവർമെൻറ് മിഷൻ.

സിപിഎം നേതാവ് എം.എ ബേബിയും ശശി തരൂർ എം പിയുമായിരുന്നു പരിപാടിയിൽ മുഖ്യാതിഥികളായി ആദ്യം നിശ്ചയിച്ചിരുന്നത്. കോഴിക്കോട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇവിടെ നടത്തിയ പ്രസംഗത്തിൽ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് തരൂർ പരാമർശം നടത്തിയിരുന്നു.

പലസ്തീൻ ഐക്യദാർഢ്യ വേദിയിൽ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയതിന് ശശി തരൂരിനെതിരെ സിപിഎം നേതാക്കൾ ഉൾപ്പെടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തിയിരുന്നു. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നായിരുന്നു ശശി തരൂർ പറഞ്ഞത്. പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.