പലസ്തീനിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾ; ശശി തരൂർ

കോഴിക്കോട്: മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണിപ്പോൾ പലസ്തീനിൽ നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖാപിച്ചുള്ള ലീഗ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, റാലിയിൽ ശശി തരൂർ ഹമാസിനെ തള്ളിപ്പറയുകയും ചെയ്തു. ഹമാസ് ഭീകരരാണെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. 19 ദിവസത്തിലെ യുദ്ധത്തിൽ ഗാസയിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണങ്ങളാണ് നടന്നത്. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിലുള്ള പ്രതികാരം അതിരുകടന്നു. ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ 1400 പേർ കൊല്ലപ്പെട്ടു, 200 പേരെ ബന്ദികളാക്കി. അതിനു പകരം ഗാസയിൽ 6000 ൽ അധികം പേരെ ഇസ്രായേൽ കൊലപ്പെടുത്തി. കണ്ണിന് കണ്ണെന്ന നിലയിൽ പ്രതികാരം ചെയ്താൽ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുദ്ധം നിർത്തണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ പ്രശ്നത്തിന്റെ തായ് വേര് ഇസ്രായേൽ അധിനിവേശം തന്നെയാണ്. അതിനെ ചെറുത്തുനിൽക്കുക മാത്രമാണ് പലസ്തീനികൾ ചെയ്യുന്നത്. അവരുടെ ഭൂമിയും സ്വത്ത് വകകളും കയ്യേറി. ചെറുത്ത് നിൽപാണ് അവരുടെ ഓക്സിജൻ. ശ്വസിക്കുന്ന മൃതദേഹങ്ങളാണ് തങ്ങളെന്ന് പലസ്തീൻ കവി പറയുന്നു. ഒരു രാജ്യത്തെ ജനതക്കും അത് പറയേണ്ടി വന്നിട്ടില്ല. അത്രയേറെ പ്രയാസമാണ് നിരന്തരമായി അവർ അനുഭവിക്കുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാർ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. ഒരുവേള ഇന്ത്യ ഭരിച്ച വാജ്പേയി പോലും ആ നിലപാടിൽ ഉറച്ച് നിന്നു. എന്നാൽ ആ നിലപാടിൽ വെള്ളം ചേർത്ത് ഇസ്രായേലിനെ വെള്ളപൂശാനാണ് ഇപ്പോഴത്തെ ഭരണകൂടം തയ്യാറായിരിക്കുന്നത്. അഹിംസയുടെ മന്ത്രം ലോകത്തിന് സമർപ്പിച്ച ഈ രാജ്യത്തിന് ഒരിക്കലും പലസ്തീനെ തള്ളിപ്പറയാനാവില്ല. ജീവിക്കാനുള്ള അവകാശം പലസ്തീനികൾക്കുമുണ്ട്. പലസ്തീനൊപ്പമാണ് തങ്ങളെന്ന ഇന്ത്യയുടെ നിലപാടാണ് നാം ഉറക്കെ പ്രഖ്യാപിക്കുന്നത്. വേട്ടക്കാർക്കൊപ്പമല്ല, വേദനിക്കുന്നവർക്കൊപ്പമാണ് ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടത്. സ്വതന്ത്ര രാഷ്ട്രം മാത്രമാണ് പലസ്തീൻ പ്രശ്നത്തിന്റെ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.