പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം വിനായകന്റെ കലാപ്രവർത്തനമായി കണ്ടാൽ മതി; സജി ചെറിയാൻ

കൊല്ലം: നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം വിനായകന്റെ കലാപ്രവർത്തനമായി കണ്ടാൽ മതിയെന്ന് സജി ചെറിയാൻ പ്രതികരിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിനായകൻ ഒരു കലാകാരനാണ്. അത് കലാപ്രവർത്തനമായി കണ്ടാൽ മതി. പ്രത്യേകിച്ച് അതിൽ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. കലാകാരന്മാർക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നേ ഉള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമകളെ തകർക്കാനായി റിവ്യൂ ബോംബുകൾ നടത്തുന്നു എന്ന പരാതിയെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. വിഷയം ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം പോലീസ് പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്. അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.