ന്യൂഡൽഹി: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ പോവുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അധികൃതർ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ വേണ്ടി എത്തിയിരുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ സമയത്ത് അയോധ്യയിലേക്ക് വരാൻ ഇവർ പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
വൈകാരികമായ ദിവസമാണിന്നെന്നും തന്നെ കാണാൻ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അധികൃതർ എത്തിയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അവർ തന്നെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷിക സമയത്ത് അയോദ്ധ്യയിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
രാമക്ഷേത്രത്തിൽ ജനുവരി 22ന് വിഗ്രഹ പ്രതിഷ്ഠ നടത്തുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. 25,000 ഹിന്ദുമത നേതാക്കളെ ചടങ്ങിലേക്കു ക്ഷണിക്കാനാണു ട്രസ്റ്റിന്റെ പദ്ധതിയിടുന്നത്. 10,000 പ്രത്യേക അതിഥികൾക്കും ചടങ്ങിൽ ക്ഷണമുണ്ടാകും.

