തിയേറ്ററുകളിലുള്ള സിനിമയെ മോശമാക്കാൻ ശ്രമിച്ചു; സിനിമ റിവ്യൂ ചെയ്തവർക്കെതിരെ കേസ്

തിരുവനന്തപുരം: തിയേറ്ററുകളിലുള്ള സിനിമയെ മോശമാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിനിമ റിവ്യൂ ചെയ്തവർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. 9 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും കേസിലെ പ്രതികളാണ്.

റിലീസിങ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ പരിഗണിച്ചിരുന്നു. ആരോമലിന്റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫലിന്റെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സിനിമയുടെ റിലീസിന് ശേഷം ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണം നടന്നിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് അറിയിക്കുകയും ചെയ്തു.