മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ച് കോടതി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസിലെ സുരേന്ദ്രനടക്കമുള്ള പ്രതികളെല്ലാം ഇന്ന് കോടതിയിലെത്തിയിരുന്നു.

പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തില്ല. നവംബർ പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

കെ. സുരേന്ദ്രനെ കൂടാതെ യുവമോർച്ച സംസ്ഥാന ട്രഷറർ സുനിൽ നായക്, ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, ബി ജെ പി നേതാക്കളായ കെ സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട തുടങ്ങിയവരാണ് കേസിലെ പ്രതികൾ.