ന്യൂഡൽഹി: ഇന്ത്യ- കാനഡ വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായ ഇടപെടലുകൾ നടത്തിയതിനാലാണ് ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്ന് എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോൾ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതി ഉണ്ടായാൽ കനേഡിയൻ വിസ സർവീസുകൾ പുനരാരംഭിക്കുന്നത് ആലോചിച്ച് തീരുമാനിക്കും. നിലവിൽ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം വിശദമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ തുല്യത വേണം. ഭാരതത്തിന്റെ പ്രവർത്തനങ്ങളിൽ ന്യായമുണ്ട്. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വിടും. കാനഡ ഇതിനകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിരുന്നു. വിയന്ന കൺവെൻഷനിലൂടെ സമത്വം ആണ് ആഗ്രഹിക്കുന്നത്. കനേഡിയൻ ഉദ്യോഗസ്ഥരുടെ തുടർച്ചയായ ഇടപെടലുകൾ ആശങ്കയുണ്ടാക്കിയതിനാലാണ് തുല്യത ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖലിസ്താനി ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. കൊലപതാകരത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. ഇന്ത്യ ഈ ആരോപണം നിഷേധിച്ചിരുന്നു. തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്.
പ്രശ്‌നം രൂക്ഷമായതോടെ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ താത്കാലികമായ നിർത്തി. രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചത്.

