തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളിലെ ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കുലർ പുറത്തിറക്കി ദേവസ്വം ബോർഡ്. ഹൈക്കോടതി വിധി പാലിക്കാതെ ആർഎസ്എസും തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളും ക്ഷേത്രഭൂമിയിൽ അതിക്രമിച്ച് കയറുന്നുവെന്നും രാത്രിയുടെ മറവിൽ ആയുധ പരിശീലനം നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മിഷണർ കണ്ടെത്തിയിട്ടുള്ളത്.
നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടാകരുതെന്നാണ് ദേവസ്വം ബോർഡ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിക്കുകയും ചെയ്തു.
വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർ നോട്ടീസ് നൽകി നടപടിയെടുക്കണം. പൊലീസിനെയും ജില്ലാ കളക്ടറെയും അറിയിക്കണം. ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്ത എല്ലാ ഫ്‌ളക്‌സുകളും മാറ്റണം. അനധികൃതമായി പ്രവർത്തിക്കുന്ന ആർഎസ്എസ് ശാഖ കണ്ടെത്താൻ വിജിലൻസ് മിന്നൽ പരിശോധന നടത്തും. നാമജപ ഘോഷം എന്ന പ്രതിഷേധ യോഗത്തിനും നിരോധനം ഏർപ്പെടുത്തി.

