തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇഡി അറിയിച്ചു. രേഖകൾ സീൽഡ് കവറിൽ ഹാജരാക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ഈ മാസം 25 ന് ഉത്തരവിറക്കും. അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നാണ് കഴിഞ്ഞ ദിവസം ഇഡി കോടതിയിൽ വ്യക്തമാക്കിയത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇഡി അറിയിച്ചിരുന്നു. അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഇഡി തയ്യാറാക്കുന്നുണ്ട്. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷൻ ആരോപിക്കുന്നത്.
അരവിന്ദാക്ഷന്റെ അക്കൗണ്ടിലുള്ളത് കള്ളപ്പണമല്ലെന്നും ക്വാറി, ഹോട്ടൽ ബിസിനസിൽ നിന്നു കിട്ടിയ വരുമാനമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. തെളിവായി അരവിന്ദാക്ഷന്റെ ഫോൺ സംഭാഷണം സമർപ്പിക്കാൻ ഇഡി ശ്രമിച്ചു. എന്നാൽ ഇതു ചട്ട ലംഘനമാണെന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ് രേഖകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.

