മുന്‍ വി സി സിസാ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വൈസ്ചാൻസലറായി നിയമിതയായ ഡോ. സിസാ തോമസിനെതിരേ ഗവർണറുടെ ഉത്തരവ് പ്രകാരം സർക്കാർ തുടങ്ങിയ അച്ചടക്കനടപടി റദ്ദാക്കി ഹൈക്കോടതി. ഡിവിഷൻ ബെഞ്ചണ് നടപടി റദ്ദാക്കിയത്. സർക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നൽകിയ കാരണംകാണിക്കൽ നോട്ടീസും കോടതി റദ്ദാക്കി.

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയ സാഹചര്യത്തിലാണ് ഗവർണർ യൂണിവേഴ്‌സിറ്റി, യുജിസി. ചട്ടങ്ങൾ പ്രകാരം സിസാ തോമസിനെ താത്കാലിക വൈസ്ചാൻസലറായി നിയമിച്ചത്. ഇതിനെതിരേ സർക്കാർ ഹൈക്കോടതിയ സമീപിച്ചപ്പോൾ, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. അതിനുശേഷമാണ് സർക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

ഇതിനെതിരെ സിസാ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച്, സർക്കാർ നൽകിയ കാരണംകാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും തെറ്റായി നൽകിയതാണെന്നും കണ്ടെത്തി. സിസയെ വൈസ് ചാൻസലറായി നിയമിച്ചത് യൂണിവേഴ്‌സിറ്റി, യുജിസി ചട്ടങ്ങളനുസരിച്ചാണെന്നും അതിനാൽ നോട്ടീസിലെ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കോടതി ഉത്തരവിട്ടു.