വീണ വിജയന്റെ സ്ഥാപനം ജിഎസ്ടി അടച്ചോ; വിവരാവകാശത്തിന് മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക് ജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിൽ മറുപടി നൽകാതെ ജിഎസ്ടി വകുപ്പ്. ഇത് സംബന്ധിച്ച വിവരാവകാശ ചോദ്യത്തിൽ വ്യക്തിയുടെ സ്വകാര്യത മാനിച്ച് മറുപടി നൽകാൻ കഴിയില്ലെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും ജിഎസ്ടി വകുപ്പ് മറുപടി നൽകിയിട്ടില്ല. നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും ലഭിച്ചില്ല. ഐജിഎസ്ടിയിൽ മാത്യു കുഴൽനാടന്റെ പരാതിയിലെ അന്വേഷണവും എങ്ങുമെത്തിയില്ല. അതേസമയം സിഎംആർഎൽ വിഷയത്തിൽ ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് സർക്കാരിന്റെ എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്ന അവസ്ഥയാണുള്ളതെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം.

‘സിഎംആർഎൽ എന്ന കമ്പനി എക്‌സാലോജിക്കിനും വീണ വിജയനും നൽകിയ 1.72 കോടി എന്നത് അഡ്മിറ്റഡ് ട്രാൻസാക്ഷനാണ്. അത് സിപിഎമ്മോ വീണ വിജയനോ നിഷേധിച്ചിട്ടില്ല. അതിന് നികുതി അടച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞുവെങ്കിലും തെളിവ് കാണിക്കാൻ കഴിഞ്ഞില്ല. ജിഎസ്ടി അടച്ചാൽ പ്രശ്നം തീരുമല്ലോ എന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ അത് അവസാനിക്കില്ലെന്ന് അദ്ദേഹം ചണ്ടിക്കാട്ടി.

മുൻകാല പ്രാബല്യത്തോടെ അമൻഡ് ചെയ്ത് ജിഎസ്ടി അടക്കാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല എന്നാണ് താൻ മനസിലാക്കുന്നത്. അവർ കമ്പനിയും ജിഎസ്ടി നമ്പറും ക്ലോസ് ചെയ്തത് മൂലമാണ് അതിന് സാധിക്കാത്തത്. അതിന് പെർമിഷനൊക്കെ വാങ്ങിയാൽ സാധിക്കുമായിരിക്കും. അതിനാലാണ് നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വരാൻ വൈകുന്നത്. ഇതിന് പിന്നിലെ കൗശലം എന്തെന്നാൽ നികുതി അടച്ചുവെന്ന റിപ്പോർട്ട് നികുതി സെക്രട്ടറിയിൽ നിന്ന് വന്നാൽ എല്ലാ മാധ്യമങ്ങളും വീണ വിജയൻ നികുതി അടച്ചിരുന്നു എന്ന് പറയില്ലേ. അതാണ് അവർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് എന്തുകൊണ്ട് മറുപടി നൽകുന്നില്ല. ഈ അഡ്മിറ്റഡ് ട്രാൻസാക്ഷനിൽ നികുതി ലഭിച്ചോ എന്നതിന് എന്തുകൊണ്ട് മറുപടി പറയുന്നില്ല. വീണ വിജയന്റെ വ്യക്തിവിവരങ്ങൾ അല്ല ചോദിച്ചത്. അവിടെ അങ്ങേയറ്റം വികൃതമായ സർക്കാരിന്റെ മുഖമാണ് വ്യക്തമാക്കുന്നത്. എന്തിന് അഴിമതിക്കാരെ സംരക്ഷിക്കാൻ ഇത്രയേറെ തരം താഴുന്നുവെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.