വൻകിട കയ്യേറ്റങ്ങൾക്കെതിരെ നടപടിയുണ്ടാകും; രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും മുന്നോട്ട് പോകുമെന്ന് കെ രാജൻ

കോഴിക്കോട്: വൻകിട കയ്യേറ്റങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജൻ. അനധികൃത കയ്യേറ്റക്കാരെ നേരിടുക എന്നത് സർക്കാരിന്റെ കൂടി നയമാണെന്നും ഏക്കർ കണക്കിന് ഭൂമി സ്വന്തമാക്കിവെച്ചവർ നിയമ നടപടിക്ക് വിധേയമാകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാർ ദൗത്യത്തിൽ സംസ്ഥാനത്തിന് മുന്നിൽ മുൻ മാതൃകകൾ ഇല്ല. ജെ സി ബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖമുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ദൗത്യം എന്നത് സിനിമാറ്റിക് ആക്ഷനായി കാണേണ്ടതില്ല. ഹൈക്കോടതി വിധിയാണ് സർക്കാർ നടപ്പാക്കുന്നത്. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും കെ രാജൻ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഒരു പാർട്ടിയോ വ്യക്തിയോ എടുക്കുന്നതല്ല സർക്കാരിന്റെ നിലപാട്. സർക്കാർ നിലപാടുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാർ ഒഴിപ്പിക്കലിൽ എം.എം മണിയുടെ എതിർപ്പിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. എംഎം മണി പറഞ്ഞത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കയ്യേറ്റവും കുടിയേറ്റവും ഒരുപോലെ കാണാൻ കഴിയില്ല. ഏക്കർ കണക്കിന് ഭൂമി സ്വന്തമാക്കി വെച്ചവർ നിയമ നടപടിക്ക് വിധേയമാകേണ്ടിവരും. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.