ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ച് കോടതി. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് കേസിൽ വിധി പ്രസ്താവം നടന്നിരിക്കുന്നത്. സാകേത് സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.
രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. 2008 സെപ്റ്റംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിനുള്ളിൽ തലയ്ക്കു വെടിയേറ്റു മരിച്ചനിലയിയിലാണ് സൗമ്യ വിശ്വനാഥനെ കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് കേസിൽ വാദം പൂർത്തിയായത്.
2009 മാർച്ചിലാണ് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഡൽഹി എൻസിആറിലും ബാധകമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും ഐപിസി പ്രകാരമുള്ള 302, 34 വകുപ്പുകളുമാണു പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ള കുറ്റം.

