പി വി അൻവർ എം എൽ എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: പി വി അൻവർ എം എൽ എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. താലൂക്ക് ലാന്റ് ബോർഡിന്റെ നടപടികൾ അവസാനിപ്പിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. താലൂക്ക് ലാന്റ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പും ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യം രേഖപ്പെടുത്തിയ ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്.

താലൂക്ക് ലാന്റ് ബോർഡ് പി വി അൻവറും കുടുംബവും ആറേക്കർ മിച്ചഭൂമി കൈവശം വെച്ചതായി കണ്ടെത്തിയിരുന്നു. മൂന്നു താലൂക്കുകളിലായി കിടക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാൻ നടപടിയും ആരംഭിച്ചിരുന്നു. വിവരാവകാശ പ്രവർത്തകൻ കെ വി ഷാജിയാണ് പി വി അൻവറിനെതിരെ പരാതി നൽകിയത്. ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി വി അൻവറും കുടുംബവും അളവിൽ കൂടുതൽ ഭൂമി കൈവശംവെച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

ലാൻഡ് ബോർഡിന്റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അൻവറും ഭാര്യയും വിൽപന നടത്തിയതായുള്ള ആരോപണവും ഉയർന്നിരുന്നു.