നടൻ കുണ്ടറ ജോണി അന്തരിച്ചു; വിരാമമായത് നാല് പതിറ്റാണ്ടത്തെ സിനിമാ ജീവിതത്തിന്

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 71 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജോണി ജോസഫ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. വില്ലനായും സഹനടനായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979-ൽ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെയാണ് ജോണി സിനിമയിലേയ്ക്ക് എത്തുന്നത്. ഫുട്‌ബോൾ താരമെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണിയുടെ ജനനം. പിതാവ് ജോസഫ്, കാതറിൻ എന്നാണ് അമ്മയുടെ പേര്. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളജ് പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. ആറാം തമ്പുരാൻ, നാടോടിക്കാറ്റ്, സ്ഫടികം, ഗോഡ്ഫാദർ, കിരീടം, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്., സാഗരം സാക്ഷി, ആനവാൽ മോതിരം, കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്‌നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

മലയാളത്തിന് പുറമേ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.