അത്യാധുനിക സാങ്കേതികവിദ്യകൾ കണ്ട് നാസയുടെ പ്രതിനിധി സംഘം ആശ്ചര്യപ്പെട്ടു; എസ് സോമനാഥ്

തിരുവനന്തപുരം: നാസയുടെ പ്രതിനിധി സംഘം ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ വളരെ കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകൾ കണ്ട് ആശ്ചര്യപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായാണ് നാസ പ്രതിനിധി സംഘം ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ചത്. യുഎസിനു ഇതു വിൽക്കണമെന്നു അവർ ആഗ്രഹിച്ചതായും എസ് സോമനാഥ് വ്യക്തമാക്കി. ഡോ.എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധ ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിന്നു ഇസ്രോ ആസ്ഥാനത്തെത്തിയ സംഘം വളരെ മനോഹരവും അതേസമയം വളരെ വിലകുറഞ്ഞതും നിർമ്മിക്കാൻ വളരെ എളുപ്പവുമായ സാങ്കേതിക വിദ്യയെക്കുറിച്ചു ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കാനും ബഹിരാകാശ സാങ്കേതികവിദ്യയിൽ നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തമാക്കാനും. ഐഎസ്ആർഒയ്ക്ക് മാത്രമല്ല, എല്ലാവർക്കും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെന്നൈയിൽ അഗ്നികുൾ എന്ന പേരിൽ ഒരു കമ്പനിയും ഹൈദരാബാദിൽ സ്‌കൈറൂട്ട് എന്ന പേരിൽ മറ്റൊരു കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഇന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്ന അഞ്ച് കമ്പനികളെങ്കിലും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. രാത്രിയിലല്ല, ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണണമെന്ന് കലാം സർ പറഞ്ഞിരുന്നു. ചന്ദ്രയാൻ -10 വിക്ഷേപണ വേളയിൽ, നിങ്ങളിൽ ഒരാൾ റോക്കറ്റിനുള്ളിൽ ഇരിക്കും, മിക്കവാറും ഒരു പെൺകുട്ടി. ആ ബഹിരാകാശ സഞ്ചാരി ഇന്ത്യയിൽ നിന്ന് പോയി ചന്ദ്രനിൽ ഇറങ്ങുമെന്നും എസ് സോമനാഥ് കട്ടിച്ചേർത്തു.