തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്നത് വലിയ വികസന സാധ്യതകളാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ പ്രവർത്തനത്തിലൂടെ എന്തും സാധ്യമെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞത്തെ നേട്ടം. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വിഴിഞ്ഞത്തേക്ക് 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്ന് കേരളം തെളിയിച്ചതാണ്. പ്രതിസന്ധികൾ മൂലം വിഴിഞ്ഞം പദ്ധതിക്ക് കുറച്ച് കാലതാമസം ഉണ്ടായി. കേരളത്തിലെ ജീവിതനിലവാരത്തോത് ഉയർത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിലേക്ക് ദൃഢനിശ്ചയത്തോടെ മുന്നേറാൻ ഈ തുറമുഖം നമുക്ക് കരുത്തു പകരുന്നു. വ്യക്തമായ കാഴ്ചപ്പാടോടെയാണ് നാം മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാവരും ഒത്തുചേർന്നാൽ അസാധ്യമായത് ഒന്നുമില്ല. ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞവും എത്തുന്നത്. രാജ്യത്തിന്റെ അഭിമാന പദ്ധതിയാണിത്. ചില രാജ്യാന്തര ലോബികളും വാണിജ്യ ലോബികളും ഇതിനെതിരെ നീക്കം നടത്തിയിരുന്നു. അവർ പ്രത്യേക രീതിയിൽ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിക്കാൻ നമുക്കായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

