ന്യൂഡൽഹി: എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഒറ്റ തിരിച്ചറിയൽ കാർഡ് നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാകുമെന്നാണ് വിവരം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ എന്ന പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി എന്ന പേരിലായിരിക്കും പദ്ധതി ആവിഷ്‌ക്കരിക്കുക.
പ്രി- പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഒറ്റ തിരിച്ചറിയൽ കാർഡ് നൽകുക. എഡുലോക്കർ എന്ന രീതിയിൽ കണക്കാക്കുന്ന അപാർ ഐഡി വിദ്യാർത്ഥികൾക്ക് ജീവിതകാലം മുഴുവനുമുള്ള തിരിച്ചറിയൽ കാർഡായിരിക്കുമെന്നാണ് ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാൻ കഴിയുമെന്നാണ് നേട്ടം.
അപാർ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങാൻ എല്ലാ സ്‌കൂളുകളോടും കേന്ദ്രം നിർദ്ദേശിച്ചു. രാജ്യത്തെ എല്ലാ വിദ്യാർത്ഥികളുടെയും ക്യു ആർ കോഡായിരിക്കും അപാർ കാർഡ്. അവരുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കുമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ചെയർമാൻ ( എഐസിടിഇ) ടി ജി സീതാരാമൻ അറിയിച്ചു.
അപാർ കാർഡുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ മാതാപിതാക്കളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് യോഗം നടത്തണമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.

