അൽഖായിദയേക്കാൾ വിനാശകരമാണ് ഹമാസ്; ജോ ബൈഡൻ

വാഷിങ്ടൺ: ഹമാസിനെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഭീകരസംഘടനയായ അൽഖായിദയേക്കാൾ വിനാശകരമാണ് ഹമാസെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ അതു ഭയാനകമാണെന്ന് വ്യക്തമാകുമെന്നും അൽഖായിദ പരിശുദ്ധമാക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനമെന്നും ബൈഡൻ വ്യക്തമാക്കി.

ഇസ്രയേലിൽ ആയിരത്തിൽ അധികം നിഷ്‌കളങ്കരായ മനുഷ്യർക്ക് ഈ ആക്രമണത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 27 അമേരിക്കക്കാരും ഉൾപ്പെടുന്നു. അൽഖായിദ പരിശുദ്ധരാണെന്നു തോന്നിപ്പിക്കുന്നതാണ് ഹമാസിന്റെ പ്രവർത്തനം. ഹമാസ് അക്ഷരാർഥത്തിൽ തിന്മയാണ്. യുഎസിന് ഈ വിഷയത്തിൽ ഒരുതെറ്റും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

യുഎസ് ഇസ്രയേലിനൊപ്പമാണ്. ഇസ്രയേലിനൊപ്പം നിലനിൽക്കുകയും ചെയ്യും. ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇസ്രയേലിന് എന്താണ് വേണ്ടതെന്ന് ഉറപ്പാക്കുകയാണ് യുഎസിന്റെ ലക്ഷ്യം. ഗാസയിലെ മാനുഷിക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിനു മുൻഗണന നൽകും. ഇസ്രയേലിനെ സഹായിക്കുന്നതിനായി ജോർദൻ, ഈജിപ്ത്, മറ്റ് അറബ് രാഷ്ട്രങ്ങൾ, യുഎൻ എന്നിവരുമായി യുഎസ് സംഘം നേരിട്ട് ആശയവിനിമയം നടത്തുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.