മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിലെ സർക്കാർ ആശുപത്രി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലുമായി 48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ ഈ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 108 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
24 മണിക്കൂറിനുള്ളിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ 11 രോഗികളാണ് ആശുപത്രിയിൽ മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സെൻട്രൽ നന്ദേഡിലെ ഡോ ശങ്കർറാവു ചവാൻ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഡീൻ ഡോ. ശ്യാം വകോട, ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് ക്ഷാമം മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്നും ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി ഡീനിന്റെ അവകാശവാദം.
ആശുപത്രിയിലെ എൻഐസിയുവിൽ 60-ലധികം ശിശുക്കളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, കുട്ടികളെ പരിചരിക്കാൻ മൂന്ന് നഴ്സുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ അശോക് ചവാൻ ആരോപിച്ചത്. ഒരേസമയം മൂന്ന് കുഞ്ഞുങ്ങളെ ചികിത്സിക്കാൻ ഒരു വാമർ ഉപയോഗിച്ചുവെന്ന് നന്ദേഡ് ജില്ലയിലെ ഭോക്കറിൽ നിന്നുള്ള എംഎൽഎയും ആരോപണം ഉന്നയിച്ചിരുന്നു.

