അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എം ബി സ്‌നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്.

എം ബി സ്‌നേഹലത, ജോൺസൻ ജോൺ, പി കൃഷ്ണകുമാർ, ജി ഗിരീഷ്, സി പ്രദീപ്കുമാർ എന്നിവരെയാണ് കൊളീജിയം ശുപാർശ ചെയ്തത്. എം ബി സ്‌നേഹലത കൊല്ലം ജില്ല ജഡ്ജിയാണ്. കൽപ്പറ്റ ജില്ല ജഡ്ജിയാണ് ജോൺസൺ ജോൺ. ജി ഗിരീഷ് തൃശ്ശൂർ ജില്ലാ ജഡ്ജിയാണ്. കോഴിക്കോട് ജില്ല ജഡ്ജിയാണ് സി പ്രദീപ്കുമാർ.

പി കൃഷ്ണകുമാർ ഹൈക്കോടതി രജിസ്ട്രാർ ജനറലാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന തുടങ്ങിയവർ അടങ്ങിയ സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ നൽകിയിരിക്കുന്നത്. ജസ്റ്റിസ് എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ചേർന്ന ഹൈക്കോടതി കൊളീജിയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുള്ളത്.