ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് എല്ലാവരും പിന്തുണ നൽകണം; ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം ആരംഭിച്ചത് ഇസ്രയേൽ അല്ലെങ്കിലും തീർക്കുന്നത് തങ്ങളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേൽ യുദ്ധക്കളത്തിലാണെന്നും തങ്ങൾ ഇത് ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബേധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇസ്രയേലിനെ കൊടുംക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നു. അധികം വൈകാതെ ഇത് അവസാനിപ്പിക്കും. ഇസ്രയേലിനെ ആക്രമിച്ചത് ചരിത്രത്തിലെ തന്നെ വലിയ തെറ്റായിപ്പോയി എന്ന് ഹമാസ് മനസിലാക്കണം. ഇസ്രയേലിനെ ആക്രമിച്ചാൽ എന്ത് വില നൽകേണ്ടിവരുമെന്ന് വർഷങ്ങളോളം ഹമാസും അതുപോലുള്ള ഞങ്ങളുടെ മറ്റുശത്രുക്കളും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഹമാസ് ഐസിസ് തന്നെയാണ്. ഐസിസിനെ തകർക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചതുപോലെ ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് എല്ലാവരും പിന്തുണ നൽകണം. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഞാൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അദ്ദേഹത്തിനും, പിന്തുണ നൽകിയ മറ്റു ലോകനേതാക്കൾക്കും നന്ദി.ഹാമാസുമായുള്ള യുദ്ധം ഇസ്രായേൽ ജനതയ്ക്ക് വേണ്ടി മാത്രമുള്ളതല്ല. ബാർബറിസത്തിനെതിരെ നിലകൊള്ളുന്ന എല്ലാ രാജ്യങ്ങൾക്കും കൂടിയുള്ളതാണ് ഈ യുദ്ധം. ഇത് ഞങ്ങൾ ജയിക്കുമെന്നും ഇസ്രയേൽ ജയിച്ചു കഴിഞ്ഞാൽ ലോകജനത ജയിച്ചു എന്നതുതന്നെയാണ് അർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.