പത്തനംതിട്ട: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ മേഖലയിലെ അഴിമതികൾ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ്. യുഡിഎഫ് അതിനു കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മണ്ഡല സദസ്സിൽ സഹകരണ മേഖലയിൽ പണം നഷ്ടമായവരെ കാണാൻ തയാറാകുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സർക്കാരിന്റെ നയം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ കൂടുതൽ തകർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനമ്പർക്ക പരിപാടിയുമായി ഇറങ്ങി പുറപ്പെടുകയാണല്ലോ. കെഎസ്ആർടിസി ബസ് വിളിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാൻ പോകുന്നുവെന്നാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
തനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത് ഈ ജനസമ്പർക്ക പരിപാടിയിൽ സഹകരണമേഖലയിൽ പണം നഷ്ടപ്പെട്ടവരെ കാണാൻ താങ്കൾ സമയം നീക്കിവയ്ക്കണമെന്നാണ്. സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് ദുരിതത്തിലായവരുടെ പരാതികൾ കേൾക്കണം. സഹകരണ അദാലത്തിന് പോയപ്പോൾ പല നിക്ഷേപകരും ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ സംവിധാനമൊരുക്കണം. പണം നഷ്ടപ്പെട്ടവർക്ക് ഉറപ്പ് നൽകാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സഹകരണ മേഖലയിലെ അഴിമതിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കുന്ന നടപടിക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. അതിനാലാണ് എം കെ കണ്ണൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ചകൾ നടത്തിയത്. നോട്ടുനിരോധന കാലത്ത് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്കെതിരെ സമരം ചെയ്തത് കള്ളപ്പണക്കാരെ സഹായിക്കാനാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

