കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിലെ മരണസംഖ്യ ഉയരുന്നു. 120 പേർ ഭൂചലനത്തിൽ മരണപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. എന്നാൽ, മരണസംഖ്യ 500 കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മേഖലയിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അരമണിക്കൂറിനുള്ളിൽ അഫ്ഗാനിൽ മൂന്ന് തവണ കഴിഞ്ഞ ദിവസം അഫ്ഗാനിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അഫ്ഗാന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയത്. മൂന്ന് തവണയും ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്. രണ്ടാം ഭൂചലനം 6.1 ഉം തീവ്രത രേഖപ്പെടുത്തി. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മൂന്നാമത് രേഖപ്പെടുത്തിയത്. ഹെറാത്ത് നഗരത്തിൽ നിന്നും 40 കിലോ മീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

