ടൊറന്റോ: കാനഡയിൽ ഇപ്പോഴും ഖലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ സജീവമായി തുടരുന്നുവെന്ന് റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നെങ്കിലും, രണ്ടു ദിവസത്തിനു ശേഷം സറെ ഗുരുദ്വാരയിൽ അവ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നു കാനഡയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് കുമാർ വർമയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കത്തെഴുതിയിരിക്കുകയാണ്.
ബ്രിട്ടിഷ് കൊളംബിയയിലെ സിഖ് വിഭാഗക്കാർ ജാഗ്രത പാലിക്കണമെന്ന് കനേഡിയൻ ഇന്റലിജൻസ് ഏജൻസി നിർദ്ദേശം നൽകിയെന്ന പ്രചാരണവും വ്യാപകമായി നടക്കുന്നുണ്ട്. ഖലിസ്ഥാൻ വാദികളായ ഒരു വിഭാഗം ആളുകളെ കൊലപ്പെടുത്താനായി ഇന്ത്യൻ ഏജന്റുമാർ രംഗത്തുള്ള സാഹചര്യത്തിലാണ് കനേഡിയൻ ഇന്റലിജൻസ് ഇത്തരമൊരു നിർദ്ദേശം നൽകിയതെന്നാണ് വിവരം.
അതേസമയം, വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിനു പുറത്ത് ഈ മാസം 21ന് ഖലിസ്ഥാൻ അനുകൂലികളായ സിഖുകാർ ‘കിൽ ഇന്ത്യ’ എന്ന പേരിൽ കാർ റാലി സംഘടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുൽ ജനറൽ മനീഷ് ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 28ന് സിഖ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഖലിസ്ഥാൻ അനുകൂല ഹിതപരിശോധനയ്ക്ക് നിജ്ജാറിന്റെ പേരിൽ പിന്തുണ ഉറപ്പാക്കാനാണ് റാലി സംഘടിപ്പിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

