ന്യൂഡൽഹി: 14 മിനിറ്റുകൊണ്ട് വന്ദേഭാരത് ട്രെയിൻ ശുചീകരിക്കുന്ന പദ്ധതി ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. ഒക്ടോബർ ഒന്നുമുതലാണ് പുതിയ ശുചീകരണ പദ്ധതി ആരംഭിച്ചത്. ഇക്കാര്യത്തിൽ ഇന്ത്യ അവലംബിച്ചത് ജപ്പാൻ ബുള്ളറ്റ് ട്രെയിനിന്റെ ശുചീകരണ മാതൃകയാണ്. ട്രെയിനിന്റെ വേഗവും സമയവും പരിഗണിച്ചാണ് ശുചീകരണം വെറും 14 മിനിറ്റിൽ പൂർത്തിയാക്കുന്ന ദൗത്യം നടപ്പിലാക്കാൻ ഇന്ത്യ തീരുമാനിച്ചത്.
പദ്ധതിയുടെ ഭാഗമായി നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ വന്ദേഭാരത് ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നിയമിക്കും. തുടർന്ന് അനുവദിച്ച 14 മിനിറ്റിനകം കോച്ച് വൃത്തിയാക്കണം. ഇത്തരത്തിൽ ഓരോ കോച്ചിലും നാലുവീതം പേർ ചേർന്ന് ശുചീകരണ പ്രവൃത്തി നടത്തുന്നതോടെ ട്രെയിൻ മൊത്തത്തിൽ വൃത്തിയാകുന്നതാണ്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ ഇത്തരത്തിൽ സ്റ്റാഫുകളെ വെച്ച് ഏഴുമിനിറ്റിനകം ശുചീകരിക്കാറുണ്ട്. ഈ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തേ മൂന്നു മണിക്കൂറെടുത്താണ് ട്രെയിനിൽ ശുചീകരണം നടത്തിയിരുന്നത്. നിലവിൽ ക്ലീനിങ് ജീവനക്കാർക്കായി മോക്ഡ്രിൽ ഉൾപ്പെടെയുള്ള ഒരു മാസത്തെ പരിശീലനം നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ വന്ദേഭാരത് ട്രെയിനുകളിൽ മാത്രമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെങ്കിലും പിന്നീട് ഇത് ഇന്ത്യൻ റെയിൽവേയുടെ മറ്റു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

