പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവർത്തനം; മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പദയാത്ര നടത്തി സുരേഷ് ഗോപി. കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച് തൃശൂർ സഹകരണ ബാങ്ക് വരെയാണ് യാത്ര. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് യാത്ര ഉദ്ഘാടനം ചെയ്തത്. പദയാത്രയുടെ സമാപന ചടങ്ങ് എം ടി രമേശ് ഉദ്ഘാടനം ചെയ്യും.

കരുവന്നൂർ ബാങ്കിൽ തുടരുന്ന ഇഡി നടപടികൾ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാൻ വേണ്ടിയല്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ക്രൂരന്മാരുടെ ചതിക്കുഴിയിൽ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടന്നു നീങ്ങുന്നത്. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്ര. പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവർത്തനമാണിതെന്നും സുരേഷ് ഗോപി അറിയിച്ചു.

ഞങ്ങൾ യുദ്ധത്തിലോ പോർമുഖത്തിലോ ഒന്നുമല്ല. തങ്ങൾ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒട്ടും ആവേശഭരിതനായിട്ടല്ല താനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് തന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ തങ്ങൾ സമ്മതിക്കില്ല. ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു. പദയാത്ര കരുവന്നൂരിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സഹകരണബാങ്കുകളിൽ നേതാക്കളുടെയും മന്ത്രിമാരുടെ ബിനാമി പണമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.