തൃശൂർ: ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന് തുടക്കമായി. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ സുവോളജിക്കൽ പാർക്കിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു. വന്യജീവി ആക്രമണം തടയാൻ വേണ്ട നിലപാടുകൾ കർശനമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സർക്കാർ നിറവേറ്റുമെന്ന് മന്ത്രി പറഞ്ഞു.
തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ 140 കി.മീ അധികം ദൂരത്തിൽ ഹാംഗിംഗ് ഫെൻസിങ് സ്ഥാപിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ മുഴുവൻ ടൂറിസം സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. തൃശൂർ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റും. അതിരപ്പിള്ളി, വാഴച്ചാൽ മേഖലകളിലെ ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി 140 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാർക്കിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലെത്തിക്കുകയെന്ന ആശയവുമായി തൃശൂർ നഗരത്തിൽ ഫോറസ്റ്റ് കോംപ്ലക്സ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപദ്രവകാരികളായ വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാൻ വിവിധ നിയമ-ചട്ട ഭേദഗതികൾ നടത്തേണ്ടതുണ്ട്. ഇതിനായി എംപിമാരുടെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കും. മനുഷ്യ-വന്യജീവി സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ മാസം ആറിന് പീച്ചിയിൽ ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്കിലെ സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.
വനം വകുപ്പ് പ്രസിദ്ധീകരണമായ അരണ്യത്തിന്റെ വന്യജീവി വാര വിശേഷാൽ പതിപ്പിന്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷമ വകുപ്പുമന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങിൽ ഓൺലൈനായി ആശംസകൾ അറിയിച്ചു.
തൃശൂർ മൃഗശാലയിൽ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് എത്തിച്ച മയിലുകളെ പാർക്കിൽ തുറന്നുവിട്ടു. ടി എൻ പ്രതാപൻ എം പി, എംഎൽഎമാരായ ഇടി ടൈസൺ മാസ്റ്റർ, സനീഷ് കുമാർ ജോസഫ്, തൃശൂർ മേയർ എം കെ വർഗീസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ സംബന്ധിച്ചു.

