തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന് വേണ്ടി ഒരു സ്മാരകം കെട്ടിപ്പൊക്കാൻ കഴിഞ്ഞില്ല എന്നത് പാർട്ടിയുടെ ദൗർബല്യമായിട്ടാണ് നോക്കിക്കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാവരുടെയും ആഗ്രഹമാണ് കെ കരുണാകരൻ സ്മാരക മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു. കെ കരുണാകരൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരം ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പണി പൂർത്തിയാക്കി മാസങ്ങൾ കൊണ്ട് പ്രവർത്തനനിരതമാക്കുമെന്നു പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഇതിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, കെ കരുണാകരന്റെ പേരിൽ സ്മാരകമില്ലാത്തതിന് കേരളത്തിലെ മാധ്യമങ്ങളെല്ലാം കോൺഗ്രസിനെ പരിഹസിക്കുകയാണെന്ന് എ കെ ആന്റണി വ്യക്തമാക്കി. ഈ നാണക്കേടിനു പരിഹാരം ഉണ്ടാകണമെങ്കിൽ മന്ദിരത്തിന്റെ പ്രവർത്തനം ആരംഭിക്കണമെന്നും അതു സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ആന്റണി കൂട്ടിച്ചേർത്തു.

