ലോക്‌സഭാ തെരഞ്ഞെടുപ്പ്; മണ്ഡലങ്ങള്‍ കുത്തകയാക്കരുതെന്ന് കോൺഗ്രസിൽ അഭിപ്രായം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർ വീണ്ടും മത്സരിക്കണമെന്ന ആവശ്യത്തിനെതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തമാകുന്നു. മണ്ഡലങ്ങൾ കുത്തകയാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യമാണ് പാർട്ടിക്കുള്ളിലെ ചിലർ മുന്നോട്ടുവെയ്ക്കുന്നത്.

അതേസമയം, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ കണ്ണൂർ സീറ്റിനായുള്ള പിടിവലിയും ആരംഭിച്ചിട്ടുണ്ട്. ശശി തരൂർ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നതിൽ ആർക്കും വിയോജിപ്പില്ല. എല്ലാവരും ഇതിനെ അനുകൂലിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അടൂർ പ്രകാശിന് വീണ്ടും സീറ്റ് നൽകുന്നതിൽ എതിർപ്പ് ശക്തമാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.

കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭാ സീറ്റ് കുത്തകയാക്കിയെന്ന വിമർശനവും ശക്തമാണ്. ഏഴ് തവണയാണ് അദ്ദേഹം എംപിയായത്. ആന്റോ ആന്റണിക്കും വീണ്ടും സീറ്റുനൽകുന്നതിലും എതിർപ്പുയർന്നിട്ടുണ്ട്. ടിഎൻ പ്രതാപൻ സീറ്റ് നൽകുന്നതിലും എതിർപ്പുണ്ട്.