ദേശീയപാതയോരത്ത് കെട്ടിടം നിർമിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കുന്നു; ആക്‌സസ് പെർമിറ്റ് നിർബന്ധം

ആലപ്പുഴ: ദേശീയപാതയോരത്ത് കെട്ടിടം നിർമിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കുന്നു. ദേശീയപാതയോരത്ത് കെട്ടിടം നിർമ്മിക്കാൻ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള പ്രവേശനാനുമതി (ആക്‌സസ് പെർമിറ്റ്) നിർബന്ധമാക്കുകയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കെട്ടിടനിർമാണ പെർമിറ്റ് നൽകുന്നതിനുമുൻപ്, അപേക്ഷയുടെ വിശദാംശം എൻഎച്ച്എഐക്ക് കൈമാറി കെട്ടിടത്തിലേക്കുള്ള താത്കാലിക പ്രവേശനാനുമതി വാങ്ങാറുണ്ടായിരുന്നു. എന്നാൽ, ഈ രീതി തുടരേണ്ടതില്ലെന്നും ഉടമകൾ സ്വന്തംനിലയിൽ അപേക്ഷിക്കണമെന്നുമുള്ള നിലപാടിലാണ് ഇപ്പോൾ അതോറിറ്റിയുള്ളത്.

ദേശീയപാതയിലേക്കു വഴിതുറക്കുന്ന കെട്ടിടങ്ങൾക്കെല്ലാം പ്രവേശനാനുമതി നിർബന്ധമാണ്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ വെബ് പോർട്ടലിൽ അനുമതിയ്ക്കായി അപേക്ഷ നൽകാം. വീടുകൾക്കും ചെറിയ കടകൾക്കും 2.5 ലക്ഷം രൂപ കെട്ടിവെച്ചും മറ്റു നിർമിതികൾക്ക് 2.8 ലക്ഷം രൂപ അടച്ചുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അന്തിമാനുമതിക്കുശേഷം ഇത് മടക്കിക്കിട്ടുന്നതാണ്.

കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ 2002-ലെ നിയമപ്രകാരമാണ് പ്രവേശനാനുമതി നിർബന്ധമാക്കുന്നത്. ഇതിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2022 ഡിസംബർ 30-ന് അതോറിറ്റിയുടെ കേരളത്തിലെ മേഖലാ ഓഫീസർ തദ്ദേശസ്വയംഭരണവകുപ്പിന് കത്തുനൽകുകയും ചെയ്തിരുന്നു.