അമിത വില ഈടാക്കുന്നു; ബെവ്‌കോ ഔട്ട് ലെറ്റുകളിൽ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന

തിരുവനന്തപുരം: ബെവ്‌കോ ഔട്ട് ലെറ്റുകളിൽ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള ബെവ്കോ ഔട്ട് ലെറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർത്ഥ വിലയേക്കാൾ കൂടുതൽ വില ചില ഉദ്യോഗസ്ഥർ ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പ്രത്യുപകാരമായി പ്രസ്തുത മദ്യകമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലിയായി കമ്മീഷൻ ചില ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായും, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ലെന്നും, ചില ഔട്ട് ലെറ്റുകളിൽ ബില്ല് നൽകാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കൾക്ക് മദ്യം വില്ക്കുന്നതായും, ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളിൽ ഡാമേജ് ഇനത്തിൽ കാണിച്ച് ബില്ല് നൽകാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥർ പണം വീതിച്ചെടുക്കുന്നതായും വിവരം ലഭിച്ചിരുന്നു.

മദ്യക്കുപ്പി പൊതിഞ്ഞ് നൽകുന്നതിനുള്ള കടലാസ് പല ഉദ്ദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നുവെന്നും ചില ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് മദ്യം പൊതിയാതെ നൽകുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കുന്നതിനാണ് ‘OPERATION MOONLIGHT’ എന്ന പേരിൽ തിരഞ്ഞെടുത്ത ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം ജില്ലയിലെ 11-ഉം എറണാകുളം ജില്ലയിലെ 10-ഉം കോഴിക്കോട് 6-ഉം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ 5 വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 78 ബെവ്കോ ഔട്ട് ലെറ്റുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.

വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ഹർഷിത അത്തല്ലൂരി ഐപിഎസിന്റെ മേൽനോട്ടത്തിലും പോലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന റജി ജേക്കബ്ബിന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064, 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.