ബെംഗളൂരു: കാവേരി നദീ ജല തർക്കവുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം എംപിമാരുടെയും കേന്ദ്ര സർക്കാരിൻറെയും തലയിലിട്ടുള്ള തരംതാണ രാഷ്ട്രീയമാണ് സിദ്ദരാമയ്യ കളിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കാവേരി നദീ ജല പ്രശ്‌നത്തിൽ 32 ബിജെപി എംപിമാരും മൗനം പാലിക്കുകയാണെന്നും വിഷയത്തിൽ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നുമായിരുന്നു സിദ്ദരാമയ്യയുടെ വിമർശനം. ഈ പരാമർത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. സഖ്യ കക്ഷിയായ ഡിഎംകെയുടെ സമ്മർദത്തിനുവഴങ്ങി നമ്മുടെ കർഷക സഹോദരന്മാർക്ക് അർഹതപ്പെട്ട വിലപിടിപ്പുള്ള വെള്ളം വിട്ടുനൽകുമ്പോൾ പോലും ആരുമായും സിദ്ദരാമയ്യ ചർച്ച നടത്തിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗ്യാരണ്ടികളെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് നിങ്ങൾക്ക് വോട്ടുലഭിച്ചത്. അതിനാൽ തന്നെ മറ്റുള്ളവരെ കുറ്റംപറയുന്നത് നിർത്തി കർണാടകയിലെയും ബെംഗളൂരുവിലെയും ജനങ്ങളുടെയും കർഷകരുടെ ജീവനും ജീവനോപാതിക്കുവേണ്ടിയും കാർഷിക സമ്പത്ത് വ്യവസ്ഥയുടെയും ഉന്നമനത്തിനും വേണ്ടിയും പ്രവർത്തിക്കുകയാണ് വേണ്ടത്. അവസരവാദികളും അഴിമതിക്കാരുമായ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാൽക്കൽകൊണ്ടുപോയി കർണാടകയിലെ ജനങ്ങളെ ഒറ്റുകൊടുക്കരുത്. കള്ളം പറയുന്നത് നിർത്തണമെന്നും തെറ്റിദ്ധരിപ്പിക്കാതെ കർഷകരുടെ ജീവനോപാദിക്കായി പ്രവർത്തിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

