ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ട കാര്യമില്ലെന്ന് ലോ കമ്മീഷൻ. ഭരണഘടന പ്രകാരം തന്നെ നിയമനിർമാണത്തിന് കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് ലോ കമ്മീഷൻ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലോ കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ 15 ദിവസത്തിനകം കേന്ദ്രസർക്കാരിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതിക്കും റിപ്പോർട്ട് സമർപ്പിക്കാനാണ് ലോ കമ്മീഷന്റെ നീക്കമെന്നാണ് വിവരം. കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അദ്ധ്യക്ഷനും ജസ്റ്റിസ് കെ.ടി. ശങ്കരൻ, പ്രൊഫസർ ഡോ. ആനന്ദ് പലിവാൽ, പ്രൊഫസർ ഡി.പി. വർമ്മ എന്നിവർ അംഗങ്ങളുമായ 22-ാം ലോ കമ്മീഷൻ ഇന്നലെ യോഗം ചേർന്ന് കരട് റിപ്പോർട്ട് ചർച്ച ചെയ്തിരുന്നു. റിപ്പോർട്ട് അന്തിമമാക്കി അംഗീകരിക്കാൻ 15 ദിവസത്തിനകം വീണ്ടും യോഗം ചേരും.
അതിനു ശേഷം റിപ്പോർട്ടിൽ ലോ കമ്മീഷൻ അദ്ധ്യക്ഷനും അംഗങ്ങളും ഒപ്പിട്ട് കേന്ദ്രസർക്കാരിനും ഉന്നതതല സമിതിക്കും കൈമാറും. രാംനാഥ് കോവിന്ദ് സമിതി നേരത്തേ ലോ കമ്മീഷനിന്റെ നിർദ്ദേശങ്ങളും ശുപാർശകളും ക്ഷണിച്ചിരുന്നു.