തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐ. കഴിഞ്ഞ രണ്ട് വർഷത്തോളമായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന വിമർശനമാണ് സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഉയർന്നത്. ഈ രീതിയിൽ മണ്ഡലപര്യടനത്തിന് പോയാൽ ഗുണം ചെയ്യില്ലെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഈ രീതിയിൽ മുന്നോട്ടുപോയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടും. സർക്കാരിന്റെ മുഖം വികൃതമാണ്. മുഖ്യമന്ത്രിയ്ക്ക് ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായി യാത്ര തെറ്റാണ്. എല്ലാത്തിനും മാദ്ധ്യമങ്ങളെ വിമർശിച്ചിട്ടും കാര്യമില്ലെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഈ മുഖവുമായി മണ്ഡല പര്യടനത്തിന് പോയാൽ ഗുണം ചെയ്യില്ല. രണ്ടര വർഷം കൊണ്ട് സർക്കാർ ഒന്നും ചെയ്തില്ലെന്ന വിമർശനമാണ് അംഗങ്ങൾ ഉന്നയിച്ചത്. കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസും കൊണ്ട് കാര്യമില്ല. പാർട്ടി മന്ത്രിമാർക്കെതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. മന്ത്രിമാരുടെ ഓഫീസിൽ ഒന്നും നടക്കുന്നില്ല. റവന്യു, കൃഷി മന്ത്രിമാർ എപ്പോഴും സ്ഥലത്തുണ്ടാകാത്ത അവസ്ഥയാണ്. നെല്ല് സംഭരണത്തിൽ കൃത്യമായി പണം നൽകാതെ വീഴ്ചയുണ്ടായി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നിസാരമായി കാണേണ്ടെന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി.
ചില അംഗങ്ങളുടെ ഭാഗത്ത് നിന്നും സിപിഎം തട്ടിപ്പുകാരെ സംരക്ഷിക്കുകയാണെന്ന അഭിപ്രായം ഉയർന്നു. സർവത്ര അഴിമതിയാണെന്നും സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി,ക്വാറി മാഫിയകളാണെന്നും കോർപറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാരെന്നും ആക്ഷേപവും ശക്തമാണ്.

