സിറോ മലബാർ സഭ ഭൂമി ഇടപാടിൽ ഹൈക്കോടതി ഉത്തരവ് ; മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകം.

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. യഥാർഥ വിലയെക്കാൾ കുറച്ചുകാണിച്ചാണ് ഭൂമി ഇടപാട് നടന്നത്. എന്നാൽ എറണാകുളം അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല. മാത്രമല്ല കൂടുതൽ തുകയുടെ വിൽപ്പന ഭൂമിയുമായി ബന്ധപ്പെട്ട് നടന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭൂമി വിലയുടെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ 14 പേജുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

കേസിൽ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോൾ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാൻ നിർദേശിച്ചത്.സുപ്രിംകോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിന് പിന്നാലെ കർദിനാൾ കാക്കനാട് മുൻസിഫ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. വ്യവസ്ഥകളില്ലാതെ ആണ് മുൻസിഫ് കോടതി കർദിനാളിന് ജാമ്യം നൽകിയത്. ഇത് ചോദ്യംചെയ്ത് പരാതിക്കാരൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.