കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷന്റെ വീട്ടിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തും. ഇതിനിടെ ജനകീയ പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ് സിപിഐഎം. ഇഡി നടപടിക്കെതിരെ പരസ്യ പ്രതിഷേധം നടത്താനാണ് സിപിഐഎമ്മിൻ്റെ നീക്കം. അരവിന്ദാക്ഷൻ അടക്കമുള്ള നേതാക്കൾക്ക് പിന്തുണ നൽകും.
കേസിൽ അറസ്റ്റിലായ സി പി ഐ എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർഅരവിന്ദാക്ഷൻ , കരുവന്നൂർ സഹകരണ ബാങ്ക് മുൻ അക്കൗണ്ട് ജിൽസ് എന്നിവരെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികൾ ഇന്ന് തന്നെ ജാമ്യഅപേക്ഷ സമർപ്പിക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് തൃശ്ശൂരിലെ വീട്ടിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിൽ എടുത്തത്. ജിൽസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം നൽകിയതെന്നും കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഇത് കിട്ടിയതെന്നും ഇഡി പറയുന്നു. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണെന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.