കോഴിക്കോട്: മെഡിക്കൽ ഓഫീസർ നിയമനത്തിന് പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത്. സംഭവത്തിൽ അഖിൽ മാത്യുവിനോട് വിശദീകരണം തേടിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
തന്നെ ഇതിലേക്ക് മനഃപൂർവം വലിച്ചിഴച്ചതാണെന്നാണ് അഖിൽ മാത്യു നൽകിയ മറുപടിയെന്നും മന്ത്രി വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
അഖിൽ മാത്യു തന്റെ ബന്ധുവല്ല, സ്റ്റാഫ് അംഗം മാത്രമാണെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
രാവിലെ റിപ്പോർട്ടർ ചാനൽ ‘ബ്രേക്ക്’ ചെയ്തതും പിന്നീട് മറ്റ് ചാനലുകൾ ഏറ്റെടുത്തതുമായ ഒരു വാർത്ത സംബന്ധിച്ചാണ് ഈ കുറിപ്പ്. വാർത്ത കൊടുക്കുന്നതിന് മുമ്പ് ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോർട്ടർ ചാനൽ എന്റെയോ എന്റെ ഓഫീസിന്റെയോ അഭിപ്രായം തേടിയിരുന്നില്ല.
ആയുഷിൽ താത്ക്കാലിക നിയമനത്തിന് അഖിൽ സജീവ് എന്നൊരാൾ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാൻ ഓഫിസിൽ എത്തിയപ്പോൾ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാൻ ആ വ്യക്തിയോട് ആവശ്യപ്പെടാൻ ഞാൻ പിഎസിന് നിർദേശം നൽകി.
13.09.2023ന് രജിസ്ട്രേഡ് പോസ്റ്റായി ഹരിദാസൻ എന്നയാളുടെ പരാതി എന്റെ ഓഫീസിൽ ലഭിച്ചു. എഴുതി നൽകിയ പരാതിയിൽ എന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാൻ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാൾക്ക് ഇക്കാര്യത്തിൽ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂർവം വലിച്ചിഴച്ചതാണെന്നും അയാൾ മറുപടി നൽകി. തുടർന്ന് പോലീസിൽ പരാതി നൽകണമെന്ന് ഞാൻ പിഎസിനോട് നിർദേശം നൽകുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തിൽ 23.09.2023ൽ പി.എസ്. പോലീസിന് പരാതി നൽകി. പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരും. ഇനി ഒരു കാര്യം കൂടി- അഖിൽ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്.

