തിരുവനന്തപുരം: എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഭരിക്കുന്നത് എൻഡിഎ.- എൽഡിഎഫ് സഖ്യകക്ഷി സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം. നേതൃത്വവും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജെഡിഎസ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയൻ മന്ത്രിസഭയിൽ ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എൽഡിഎഫോ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതും വിചിത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. എൻഡിഎക്കൊപ്പം ചേർന്ന ജെഡിഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടു വേണം സിപിഎം നേതാക്കൾ സംഘപരിവാർ വിരുദ്ധത സംസാരിക്കാൻ. ഇതിനുള്ള ആർജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ രൂപീകരിച്ച ‘ഇന്ത്യ’ എന്ന വിശാല പ്ലാറ്റ്‌ഫോമിൽ പാർട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വർണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്രനേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

