ഇന്ത്യയുടെ ആശങ്കയ്ക്കാണ് പ്രധാന്യം; ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക

ന്യൂയോർക്ക്: ശ്രീലങ്ക ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ചു. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയ്ക്ക് പ്രധാന്യം നൽകിയാണ് ശ്രീലങ്കയുടെ നടപടി. ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശ്രീലങ്കയുടെ തീരുമാനം. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദമാക്കി.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് പ്രധാനമായും ഉയരുന്ന ആശങ്ക. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് തങ്ങൾ ഈ തീരുമാനത്തിൽ എത്തിയതെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

വിഷയത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്ക ഞങ്ങൾക്ക് വളരെ പ്രധാനമാണ്. തങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് തങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.