കരുവന്നൂർ ; പാർട്ടി അരവിന്ദാക്ഷനൊപ്പം ! വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ല :എം വി ഗോവിന്ദൻ

കരുവന്നൂ‍ർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ് ഈ അറസ്റ്റ്. എ സി മൊയ്‌തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇഡി എത്താം. വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അരവിന്ദാക്ഷന് പൂർണ്ണ പിന്തുണ അറിയിച്ച് സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസും രം​ഗത്തെത്തി. അരവിന്ദാക്ഷന് പാർട്ടി സംരക്ഷണം ഒരുക്കും. നിയമ സാധ്യതകൾ തേടും. ബിജെപി പറയുന്ന ആളുകളെ ഇഡി അറസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ നടക്കുന്നത്. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്.അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളി ആകുന്നില്ല. എ സി മൊയ്തീനെയും അനൂപ് ഡേവിസ് കാടയെയും എം കെ കണ്ണനെയുമെല്ലാം ചോദ്യം ചെയ്യുന്നുണ്ട്. അവരൊന്നും പ്രതികളല്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഇടി തടസ്സപ്പെടുത്തുകയാണ്. സിപിഐഎം ഇതിനെ ശക്തമായി പ്രതിരോധിക്കും. ഒക്ടോബർ 14ന് സിപിഐഎം കാൽനട ജാഥ നടത്തുമെന്നും എം എം വർഗീസ് പറഞ്ഞു