ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാൻ കഴിഞ്ഞില്ല; വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നത് 4.5 ലക്ഷം വാഹനങ്ങൾ

കൊച്ചി: സംസ്ഥാനത്ത് മറിച്ചു വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നത് 4.5 ലക്ഷം വാഹനങ്ങൾ. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാൻ കഴിയാത്തതിനാലാണ് ഇത്രയധികം വാഹനങ്ങൾ കെട്ടികിടക്കുന്നത്. ഇവയുടെ പിഴയിനത്തിലും പുതിയ റജിസ്‌ട്രേഷൻ ഫീസിനത്തിലും കോടിക്കണക്കിന് രൂപയാണ് സർക്കാരിന് നഷ്ടമാകുന്നത്.

സമയത്തു പിഴയടയ്ക്കാതെ മജിസ്‌ട്രേട്ട് കോടതിക്കു കൈമാറിയ പെറ്റിക്കേസുകൾ പിഴയടച്ചു തീർപ്പാക്കാൻ നിലവിൽ സംവിധാനമില്ലാത്തതാണു വാഹനങ്ങൾ വിൽക്കുന്നവർക്ക് തടസം സൃഷ്ടിക്കുന്നത്. ഇത്തരം കേസുകളിൽ വെർച്വൽ കോടതി വഴി പിഴയടയ്ക്കാൻ നേരത്തെ സംവിധാനമുണ്ടായിരുന്നു. ഈ സംവിധാനം ഇപ്പോൾ ഇല്ലായെന്നതാണ് പ്രധാന പ്രശ്‌നം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിലുൾപ്പെടെ ഓൺലൈൻ വഴി പിഴയടയ്ക്കാം. എന്നാൽ, പിഴ ചുമത്തിയ വിവരം സമയത്ത് അറിയാതെ പോവുകയോ മനഃപൂർവം അടയ്ക്കാതിരിക്കുകയോ ചെയ്താൽ രണ്ടു മാസത്തിനു ശേഷം കേസ് മജിസ്‌ട്രേട്ട് കോടതിക്കു കൈമാറും.

പെറ്റിക്കേസുകളായതിനാൽ എഫ്‌ഐആറിടുകയോ കേസ് നമ്പറിടുകയോ ചെയ്യാറില്ല. പിഴയടയ്ക്കാനെത്തുന്നവരോട് എഫ്‌ഐആർ,കേസ് നമ്പർ,അന്വേഷണ ഉദ്യോഗ്‌സഥന്റെ റിപ്പോർട്ട് എന്നിവയൊക്കെയാണു കോടതികളിൽ നിന്നു ചോദിക്കുന്നത്. ഇതുകൊണ്ടു തന്നെ, കോടതിയിൽ കേസുകൾ തിരിച്ചറിയാനോ പിഴയടച്ചു തീർക്കാനോ കഴിയില്ല.