പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവില്ല; മഹേശ്വർ ഹസാരി

ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യ സഖ്യം നിതിഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്ന് ബിഹാർ ഡെപ്യൂട്ടി സ്പീക്കറും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ മഹേശ്വർ ഹസാരി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ യോഗ്യതയുള്ള മറ്റൊരു നേതാവ് ഇല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

റാം മനോഹർ ലോഹ്യയ്ക്ക് ശേഷം രാജ്യത്ത് ഉന്നത സോഷ്യലിസ്റ്റ് നേതാവ് ഉണ്ടെങ്കിൽ അത് നിതീഷ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പറഞ്ഞിരുന്നു. നിതീഷ് അഞ്ച് തവണ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 18 വർഷമായി ബിഹാറിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാൻ ആവശ്യമായ എല്ലാ ഗുണങ്ങളും ഉണ്ട്. ഇന്ത്യ സഖ്യം എപ്പോൾ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കുമോ, അത് നിതീഷ് കുമാറിന്റെ പേരായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.