തിരുവനന്തപുരം: കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സഹകരണ മേഖല ശക്തമാണ്. സഹകരണ മേഖലയെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടുവരും. സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും കേരളത്തിൽ വിലപ്പോവില്ല. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്തുതയാണ്. അഴിമതി മാർഗ്ഗം സ്വീകരിച്ച അന്തരക്കാർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്. അഴിമതി വീരൻമാരെ അറസ്റ്റ് ചെയ്ത് ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു; ചിലരെ ജയിലിലടച്ചു. ഒറ്റപ്പെട്ട ചില കാര്യങ്ങൾ എത് മേഖലയിലുമുണ്ടാവും. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.
സഹകരണ മേഖലയിൽ പണം നിക്ഷേപിച്ച ഒരാൾക്ക് പോലും ചില്ലിക്കാശുപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. നിക്ഷേപം നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പ് നൽകുന്നു. ഇവിടുത്തെ നിക്ഷേപങ്ങൾ ചില മൾട്ടി സ്റ്റേറ്റ് കമ്പനികളിലേക്ക് വലിക്കാൻ ശ്രമം നടക്കുന്നു. ഇതിൽ ആരും വീഴരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങളിലൂടെ സഹകരണ മേഖലയെ തകർത്തുകളയാമെന്നത് വ്യാമോഹമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

