ന്യൂഡൽഹി: എം പി രമേശ് ബിധൂരിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ബിജെപി. പാർലമെന്റിൽ ബിഎസ്പി അംഗം ദാനിഷ് അലിയ്ക്കെതിരെ വർഗീയ അധിക്ഷേപ പരാമർശം നടത്തിയതിനാണ് നടപടി. സഭാചട്ടങ്ങൾക്ക് വിരുദ്ധമായ പദങ്ങൾ ഉപയോഗിച്ചതിന് 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിധൂരിക്കെതിരെ ദാനിഷ് അലി അവകാശലംഘന നോട്ടീസ് അയച്ചിട്ടുണ്ട്. രമേശ് ബിധൂരിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ എംപി സ്ഥാനം രാജി വെക്കുമെന്നാണ് ദാനിഷ് അലി വ്യക്തമാക്കിയിട്ടുള്ളത്. ജനം തന്നെ തിരഞ്ഞെടുത്തത് ഇത്തരം അധിക്ഷേപങ്ങൾ കേൾക്കാനല്ല. ആർഎസ്എസ് ശാഖയിൽ നിന്നാണോ ഇത്തരം പദങ്ങൾ ബിധൂരി പഠിച്ചതെന്നും ദാനിഷ് ചോദിക്കുന്നു.
ദാനിഷ് അലി തീവ്രവാദിയാണെന്നുൾപ്പടെയുള്ള പരാമർശമാണ് രമേശ് ബിധൂരി നടത്തിയത്. ദാനിഷ് അലിയ്ക്കു നേരെയുണ്ടായ വർഗീയ അധിക്ഷേപത്തിൽ നടപടി വേണമെന്ന ആവശ്യവുമായി ദാനിഷ് അലി രംഗത്തെത്തി. വിവാദ പരാമർശത്തിന് പിന്നാലെ രമേശ് ബിധൂരിയ്ക്ക് സ്പീക്കർ ഓം ബിർള താക്കീതു നൽകി. പരാമർശം സഭാരേഖകളിൽ നിന്ന് നീക്കാനും സ്പീക്കർ നിർദ്ദേശിച്ചു. ബിജെപി അംഗത്തിൽ നിന്നുണ്ടായ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

