ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കോടി എ സി മൊയതീന് ലഭിച്ചു; ആരോപണവുമായി അനിൽ അക്കര

തൃശ്ശൂർ: മുൻ മന്ത്രി എ സി മൊയ്തീനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ടാണ് അനിൽ അക്കര എ സി മെയ്തീനെതിരെ ആരോപണം ഉന്നയിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ എ സി മൊയതീന് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന നേതാക്കൾക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കും ജോൺ ബ്രിട്ടാസും നാല് കോടി രൂപ ഖാലിദ് എന്ന ഒരാൾക്ക് കൈമാറിയതായി പറയുന്നുണ്ട്. ഈ ഖാലിദ് കൊണ്ടുപോയ നാല് കോടി രൂപയിൽ ഒരു കോടി രൂപ വീതം സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. അതിൽ ബാക്കിയുള്ള രണ്ട് കോടി രൂപ എ.സി മൊയ്തീനും ലഭിച്ചു. ലഭിച്ച രണ്ട് കോടി രൂപ സതീഷ് മുഖാന്തരം അദ്ദേഹം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പിന്നീട്, ഈ സംഖ്യ നഷ്ടപ്പെടുമെന്ന് മനസ്സിലായ സാഹചര്യത്തിലാണ് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. ഡിവൈഎസ്പി ഇത്തരത്തിൽ ഇടപെട്ടത് പണം എസി മൊയ്തീന്റെ കൂടെയാണെന്നതിന്റെ സൂചനയാണ്. രണ്ട് കോടി രൂപ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എസി മൊയ്തീന് ലഭിച്ചതായി താൻ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പറഞ്ഞു. എന്നാൽ, കരുവന്നൂർ ബാങ്ക് വിഷയത്തിൽ അന്വേഷണം വന്ന സമയത്താണ് അദ്ദേഹം തനിക്കെതിരായ ഒരു കോടി രൂപയുടെ കേസ് പത്ത് ലക്ഷമായി കുറച്ചത്. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായീകരണം തനിക്ക് സമ്പാദ്യമില്ല എന്നതാണെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.