സംസ്ഥാനത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,800 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ തടസങ്ങളുണ്ടായാലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു. കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന ചരിത്രമാണ് സംസ്ഥാനത്തിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന 15,000-ത്തോളം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ ശൃംഖലയും സംസ്ഥാനത്തിനുണ്ട്. പരിഷ്ക്കാരങ്ങളും നൂതന ആശയങ്ങളും നടപ്പിലാക്കുന്നതിൽ കേരളം മുന്നിലാണ്. വിദ്യാര്‍ത്ഥി പ്രവേശനം, ഹാജര്‍, പരീക്ഷ, സ്കോളര്‍ഷിപ്പ്, ട്രാന്‍സ്ഫര്‍ തുടങ്ങിയ സ്കൂള്‍ അഡ്മിനിസ്‌ട്രേഷന്റെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള മാനേജ്മെന്റ് സംവിധാനം നമുക്കുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സ്കൂളിനും ഒരു വിക്കി പേജ് സൃഷ്ടിക്കുന്ന സ്‌കൂള്‍ വിക്കി പദ്ധതി തുടങ്ങി നിരവധി നൂതന പദ്ധതികള്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2023-09-21

