ആലപ്പുഴ: സംസ്ഥാനത്ത് സമീപകാലത്ത് വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ദ സമിതിയുടെ ആദ്യ യോഗംചേർന്നു. ആലപ്പുഴയിൽ വെച്ചാണ് യോഗം ചേർന്നത്. കേരളത്തിൽ സമീപകാലത്ത് വാഹനങ്ങൾക്ക് തീ പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനായാണ് വിദഗ്ദ സമിതി രൂപീകരിച്ചത്.
ഏറ്റവും പ്രധാനമായി രണ്ട് കാര്യങ്ങളാണ് സമിതി ചൂണ്ടിക്കാട്ടിയത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റവും മാനുഷിക പിഴവുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന് സമിതി വിലയിരുത്തി. റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്താണ് ഇക്കാര്യം അറിയിച്ചത്.
ഐഐടിയിലെ വിദഗ്ദർ അടക്കമുള്ളവർ സമിതിയിലെ അംഗങ്ങളാണ്. സമിതിയുടെ ആദ്യയോഗമാണ് ആലപ്പുഴയിൽ നടന്നത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റവും മാനുഷിക പിഴവുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന വിലയിരുത്തലിലാണ് സമിതി. ഇന്ധന ചോർച്ചയും ചില സംഭവങ്ങളിൽ അപകടത്തിന് കാരണമായെന്നും വിലയിരുത്തിയിട്ടുണ്ട്.
അപകടം നടന്ന തിരഞ്ഞെടുക്കപ്പെട്ട 10 ഇടങ്ങളിൽ വിദ്ഗദ് സമിതി നേരിട്ട് പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ശേഷം ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് വ്യക്തമാക്കി.

