കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടിയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിർദ്ദേശം. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, ഖലിസ്ഥാൻ ഭീകരവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിഷേധിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

തുടർന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ പുറത്താക്കിയത്. ഈ സാഹചര്യത്തിലാണ്, ഇന്ത്യക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം രംഗത്തെത്തിയത്.