കുവൈത്തിൽ അറസ്റ്റിലായ മലയാളി നഴ്‌സുമാരുടെ സംഘത്തെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നു; വി മുരളീധരൻ

ന്യൂഡൽഹി: കുവൈത്തിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പെട്ട നഴ്‌സുമാരുടെ സംഘത്തെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കൈക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് കുഞ്ഞുങ്ങളെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും അധികാരികളുമായി സംസാരിച്ചുവരികയാണ്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ പിടിക്കപ്പെട്ട 60 അംഗ സംഘത്തിൽ 34 ഇന്ത്യക്കാരുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 60 പേരാണ് കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിൽ പിടിയിലായത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. എല്ലാവർക്കും കാലാവധിയുള്ള വിസയും സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണെന്നും ഇവർ പറയുന്നു.